ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

വിൽക്കാൻ വിൽപ്പനക്കാരനില്ല; തൊട്ടാൽ പൊള്ളുന്ന വിലയുമില്ല; പച്ചക്കറി വിൽക്കാൻ പുതിയ രീതിയുമായി കർഷകൻ

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിൽപ്പന രീതി വളരെ രസകരവും സത്യസന്ധവുമാണ്. ഈ കടയിൽ പച്ചക്കറികൾ വിൽക്കാൻ ആരുമില്ല. ഇത് കടയിൽ എത്തുന്നവർക്ക് ഒരു പുത്തൻ അനുഭവം തന്നെയാണ്.

ഹൈദരാബാദ്: ഇവിടെ പച്ചക്കറികൾ വിൽക്കാൻ വിൽപ്പനക്കാരനില്ല, തൊട്ടാൽ പൊള്ളുന്ന വിലയുമില്ല. ഉപഭോക്താക്കൾക്ക് ആവശ്യത്തിന് പച്ചക്കറി ഇഷ്ടമുള്ള വില നൽകി വാങ്ങാം. കടയിൽ വിൽപ്പനക്കാരൻ ഇല്ലാത്തതിനാൽ പണം ഫോൺ പേ, ഗൂഗിൾ പേ എന്നിവ വഴി അയയ്ക്കുകയോ അല്ലെങ്കിൽ കടയിൽ സ്ഥാപിച്ചിരിക്കുന്ന മണി ബോക്സിൽ നിക്ഷേപിക്കുകയോ ചെയ്യാം.


ജഗിതൽ ജില്ലയിലെ ലക്ഷ്മിപൂർ ഗ്രാമത്തിലെ കർഷകനായ മല്ല റെഡ്ഡി എന്ന കർഷകനാണ് തന്റെ പച്ചക്കറികൾ വിൽക്കാൻ പുതിയ രീതി ആവിഷ്കരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിൽപ്പന രീതി വളരെ രസകരവും സത്യസന്ധവുമാണ്. ഈ കടയിൽ പച്ചക്കറികൾ വിൽക്കാൻ ആരുമില്ല. ഇത് കടയിൽ എത്തുന്നവർക്ക് ഒരു പുത്തൻ അനുഭവം തന്നെയാണ്. ഈ പച്ചക്കറി വിൽപ്പനയ്ക്ക് വലിയ പിന്തുണയാണ് ഗ്രാമവാസികളിൽ നിന്ന് ലഭിക്കുന്നത്.


സ്റ്റാളിൽ ഉടമ സ്ഥാപിച്ചിരിക്കുന്ന മെനു അനുസരിച്ച് ആളുകൾക്ക് വാങ്ങുന്ന പച്ചക്കറിയ്ക്ക് അനുസരിച്ചുള്ള പണം ഒരു പ്ലാസ്റ്റിക് ബോക്സിൽ ഇടാം. തന്റെ കൃഷിയിടത്തിൽ ഉണ്ടാകുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഇദ്ദേഹം സ്റ്റാളിൽ വിൽപ്പനയ്ക്ക് വയ്ക്കുന്നത്. വിവിധയിനം പച്ചക്കറികളുടെ വില അടങ്ങിയ ബോർഡ് കടയിൽ സ്ഥാപിച്ചതിന് ശേഷം അദ്ദേഹം തന്റെ ഫാമിലേക്ക് പോകും. പിന്നീട് വൈകുന്നേരം മാത്രമാണ് കടയിലേയ്ക്ക് തിരികെ എത്തുന്നത്.


തുടർന്ന് ഡ്രോപ്പ് ബോക്സിൽ നിന്ന് ലഭിക്കുന്ന പണം ശേഖരിക്കുകയും ഓൺ‌ലൈൻ പേയ്‌മെന്റിലൂടെ എത്തിയ പണത്തിന്റെ കണക്കുകൾ പരിശോധിക്കുകയും ചെയ്യും. ഇടനിലക്കാരുടെ കൊള്ളയും മോശം വിപണന സൗകര്യങ്ങളുമാണ് ഇത്തരത്തിലൊരു കട തുടങ്ങാൻ മല്ല റെഡ്ഡിയ്ക്ക് പ്രചോദനമായത്. കടയിൽ നിന്ന് പച്ചക്കറികൾ‌ വാങ്ങാനും ഇഷ്ടാനുസരണം പേയ്മെന്റുകൾ നടത്താനും ആളുകൾക്ക് വലിയ താൽ‌പ്പര്യമാണെന്ന് ഇദ്ദേഹം പറയുന്നു.


Also Read-  ഡീസലിന് പകരം പെട്രോൾ അടിച്ചു; ക്ഷമയോടെ പ്രശ്നം കൈകാര്യം ചെയ്ത കാറുടമയ്ക്ക് ഫുൾ ടാങ്ക് ഡീസൽ നൽകി പമ്പ് ഉടമ


തന്റെ കൃഷിസ്ഥലത്തിനും ഗ്രാമത്തിനും സമീപം ജാഗിതിയൽ - ഗൊല്ലപ്പള്ളി റോഡിലാണ് മല്ല റെ‍ഡ്ഡി പച്ചക്കറി സ്റ്റാൾ സ്ഥാപിച്ചിരിക്കുന്നത്. മുമ്പ് ഒരു സ്വകാര്യ സ്കൂളിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. എന്നാൽ കൊറോണ മഹാമാരി എത്തിയതോടെ ഓൺലൈൻ ക്ലാസുകളും മറ്റും തുടരുന്നതിനാൽ സ്വകാര്യ സ്കൂളുകളിലെ മിക്ക അധ്യാപകർക്കും ജോലി നഷ്ടപ്പെട്ടു. ഇതിനെ തുട‍‍ർന്നാണ് മല്ല റെഡ്ഡി ഇങ്ങനെ ഒരു പച്ചക്കറി കട ആരംഭിച്ചത്.


ഇപ്പോൾ ആളുകൾ ഈ സ്റ്റാളിൽ എത്തി ആവേശത്തോടെയാണ് പച്ചക്കറികൾ വാങ്ങുന്നതും ബോക്സിൽ പണം നിക്ഷേപിക്കുന്നതും. പുതിയ പദ്ധതി ഫലവത്തായെന്നും ആളുകൾ തന്റെ പച്ചക്കറികൾ വാങ്ങുന്നുണ്ടെന്നും മല്ല റെഡ്ഡി പറയുന്നു. ജൈവ വളങ്ങളാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്നതെന്നും മല്ല റെഡ്ഡി വ്യക്തമാക്കി.


രാത്രി സമയങ്ങളിലും ഇവിടെ പച്ചക്കറികൾ ലഭ്യമാണ്. തന്റെ ചെറുകിട ബിസിനസ്സുമായി ആളുകൾ സഹകരിക്കുന്നതിനാൽ ഇതുവരെ ഒരു പ്രശ്നമോ അസൗകര്യമോ ഉണ്ടായിട്ടില്ലെന്നും മല്ല റെ‍ഡ്ഡി പറയുന്നു. പ്രതീക്ഷിച്ചതുപോലെ ഉപഭോക്താക്കൾ ആത്മവിശ്വാസത്തോടെ പച്ചക്കറികൾ വാങ്ങുകയും സത്യസന്ധമായി പണം നൽകുകയും ചെയ്യുന്നുണ്ടെന്നും റെഡ്ഡി പറയുന്നു. ഓൺ‌ലൈൻ വിൽ‌പനയിലൂടെ ഒരു ദിവസം 200 മുതൽ 500 രൂപ വരെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Keywords: Vegetable, Farmer, Hyderabad, പച്ചക്കറി, കർഷകൻ, ഹൈദരാബാദ്

Published by: Anuraj GR
First published: April 15, 2021, 6:52 PM IST