- News18 Malayalam
- Last Updated: April 14, 2021, 10:14 AM IST
കോവിഡ് മഹാമാരി ഒട്ടനവധി ദുരിതങ്ങൾ വിതച്ചിട്ടുണ്ടെങ്കിലും ലോകത്ത് മനുഷ്യർക്കിടയിൽ നന്മ വറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന പല സംഭവങ്ങൾക്കും നാം ദിനംപ്രതി സാക്ഷിയാവുന്നുണ്ട്. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾ സ്വന്തം വീടുകളിലേക്ക് കാൽനടയായി തിരിച്ചു പോകുന്ന കാഴ്ച നാം കണ്ടു. എന്നാൽ പല സ്ഥലങ്ങളിലും നല്ല മനുഷ്യർ ഇത്തരം ആളുകളെ സഹായിക്കാൻ വേണ്ടി രംഗത്തെത്തിയതും കണ്ടു.
ഇത്തരമൊരു മനുഷ്യത്വത്തിന്‍റെ തെളിവാണ് ട്വിറ്ററിൽ ഇപ്പോൾ വൈറലാകുന്നത്. കോവിഡ് രോഗ ബാധ സ്ഥിതീകരിച്ച ആളുകൾക്ക് തങ്ങളുടെ ചികിത്സാ കാലം മുഴുവൻ സൗജന്യമായി വൃത്തിയുള്ള ഭക്ഷണം എത്തിക്കാം എന്ന് പോസ്റ്റിട്ട ഒരു യുവാവിനെ സോഷ്യൽ മീഡിയയിൽ ആളുകൾ പ്രശംസിക്കുകയാണ്.
ഗുജറാത്തിലെ വഡോദരക്കാരനായ ശുബൽ ഷാ എന്നയാളാണ് പ്രദേശവാസികളോട് സഹായം വേണ്ടവർ തന്നോട് മെസ്സേജ് വഴി ബന്ധപ്പെടാ൯ ആവശ്യപ്പെട്ടത്. ട്വിറ്റർ വഴി തന്നെ ബന്ധപ്പെടുന്ന ആളുകൾക്ക് തീർച്ചയായും സഹായം നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകുന്നു. തന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങൾ ലഭിച്ചു എന്ന് ഷാ പറയുന്നു. നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളും ഇദ്ദേഹവുമായി ചേർന്നു പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഷായുടെ നിസ്വാർത്ഥമായ മനസ്സിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല എന്നാണ് ആളുകൾ പറയുന്നത്.
ആവശ്യമുള്ള ആളുകൾക്ക് സഹായവുമായി ഷായെ പോലെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഹൈദരാബാദുകാരനായ രാമു ദോശപതി എന്ന ടെക്കി പാവപ്പെട്ടവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു റൈസ് എടിഎം രൂപപ്പെടുത്തിയിരുന്നു. രാമു കഴിഞ്ഞ വർഷം തുടങ്ങിയ ഈ ഉപകരണം വഴി അരിയും മറ്റ് അവശ്യ സാധനങ്ങളും ലഭ്യമാണ്. ക്രമേണ നിരവധി പേരാണ് രാമുവിനോട് ഈ പദ്ധതിയുമായി സംഭാവന നൽകിയും മറ്റും സഹകരിച്ചത്.
തമിഴ്നാട്ടിലെ ത്രിച്ചിക്കാരിയായ പുഷ്പറാണി സിയും ഭർത്താവ് ചന്ദ്രശേഖരനും ലോക്കഡൗണ് കാരണം ബുദ്ധിമുട്ടുന്ന ആളുകൾക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു. അമ്പതിനായിരം രൂപ ബാങ്കിൽ നിന്ന് ലോൺ എടുത്ത് ഇവർ ഒരു രൂപക്കു ഭക്ഷണം നൽകുന്ന ഒരു കയോസ്ക് തയ്യാറാക്കുകയായിരുന്നു.
കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം ഇന്ത്യയിൽ അതിശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുകാണ്. റെക്കോഡ് കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രത്തിൽ പതിനഞ്ച് ദിവസത്തേക്ക് ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.