- News18 Malayalam
- Last Updated: October 29, 2020, 9:03 PM IST
ന്യൂഡൽഹി; കോവിഡ് കേസുകൾ വർദ്ധിക്കുന്ന കേരളത്തിനും ബംഗാളിനും ഡൽഹിക്കും മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഉത്സവ സീസണിൽ പരിശോധന, ട്രാക്കിംഗ്, ചികിത്സാ തന്ത്രങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്താനും പൊതുജന അവബോധത്തിനു ഉചിതമായ നടപടികൾ സ്വീകരിക്കാനുമാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ഡൽഹി, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ കോവിഡ് -19 വ്യാപനം സംബന്ധിച്ച അവലോകന യോഗം ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, എൻടിഐ ആയോഗ് ആരോഗ്യ വിഭാഗം പ്രതിനിധി, ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നിരുന്നു. അതിനുശേഷം ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് മുന്നറിയിപ്പ് നൽകിയത്.
കേരളത്തിലെ കോവിഡ് -19 കേസുകൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നുവെന്ന് കേന്ദ്രം വിലയിരുത്തുന്നു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 98,778 കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 8,790 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
കൊറോണ വൈറസ് കേസുകളിൽ വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്ന മുൻനിര ജില്ലകൾ തൃശൂർ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം എന്നിവയാണ്. കോവിഡ് മരണം കുറയ്ക്കുന്നതിൽ കേരളം മികച്ച ഇടപെടൽ നടത്തി. മരണനിരക്ക് 0.34 ശതമാനമായി ഉയർന്നിട്ടുണ്ടെങ്കിലും തൃശൂർ (133 ശതമാനം), കൊല്ലം (75 ശതമാനം), ആലപ്പുഴ (31 ശതമാനം), എറണാകുളം (30 ശതമാനം), കണ്ണൂർ (15 ശതമാനം) എന്നിവിടങ്ങളിൽ ആഴ്ചതോറുമുള്ള മരണങ്ങൾ കൂടുന്നുണ്ട്., ”ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉത്സവങ്ങൾ കാരണം പുതിയ കേസുകളുടെ വർദ്ധനവ് കടുത്ത ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടുന്നു. മാസ്ക്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ കൂടുതൽ അവബോധം കൊണ്ടുവരണമെന്നും കേന്ദ്രം നിർദേശിച്ചു.
അയൽ ജില്ലകളുമായും സംസ്ഥാനങ്ങളുമായും അതിർത്തികൾക്കിടയിലുള്ള കോൺടാക്റ്റ് ട്രെയ്‌സിംഗ് പ്രവർത്തനങ്ങൾ കേരളം നടപ്പാക്കുമ്പോൾ, മലപ്പുറം പോലെ വളരെ ഉയർന്ന പോസിറ്റിവിറ്റി നിരക്ക് ഉള്ള ചില ജില്ലകൾ മികച്ച മാനേജ്മെന്റ് നടപ്പാക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമ ബംഗാളിൽ ഇപ്പോൾ പ്രതിദിനം 3,924 പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കഴിഞ്ഞ നാല് ആഴ്ചയിൽ ശരാശരി ദൈനംദിന കേസുകളിൽ 23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 37,111 സജീവ കേസുകളുണ്ട്, മരണനിരക്ക് 1.84 ശതമാനവും പോസിറ്റീവ് നിരക്ക് 8.3 ശതമാനവുമാണ്.
കഴിഞ്ഞ നാല് ആഴ്ചയായി പോസിറ്റിവിറ്റി നിരക്കിൽ ഒരു ശതമാനം വർധനയുണ്ടായി. ഡാർജിലിംഗ്, നാദിയ, മെഡിനിപൂർ വെസ്റ്റ്, ജൽപായ്ഗുരി, ഹൂഗ്ലി എന്നിവയാണ് കേസുകളുടെ വർദ്ധനവ് കാണിക്കുന്ന പ്രധാന ജില്ലകൾ. കൂടാതെ, മുർഷിദാബാദ്, നാദിയ, കൂച്ച്ബെഹാർ, കൊൽക്കത്ത, ഡാർജിലിംഗ് എന്നിവിടങ്ങളിൽ പ്രതിവാര മരണനിരക്ക് കൂടി. 10 ലക്ഷം പേരിൽ പരിശോധന നടത്തിയപ്പോൾ 41,261 ആണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അതേസമയം ദേശീയ ശരാശരി 77,220 ആണ്, ”പ്രസ്താവനയിൽ പറയുന്നു.
കോവിഡ് പരിശോധന-സമ്പർക്കം കണ്ടെത്തൽ-ചികിത്സ തന്ത്രം കർശനമായി പാലിക്കണമെന്നും പരിശോധനയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ആർടി-പിസിആർ ടെസ്റ്റുകളുടെ വലിയ അനുപാതത്തിൽ ദൈനംദിന ടെസ്റ്റുകളുടെ തോത് ഉയർന്ന തലത്തിൽ നിലനിർത്തണമെന്നും സംസ്ഥാന അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കൃത്യമായ പരിചരണവും നേരത്തെയുള്ള തിരിച്ചറിയലും കേസുകളുടെ ആദ്യകാല ആശുപത്രിയിൽ പ്രവേശിപ്പിക്കലും ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വീട്ടിൽ ഒറ്റപ്പെടലിലുള്ള രോഗികൾക്കിടയിൽ രോഗലക്ഷണം കണ്ടെത്തിയാൽ ആശുപത്രിയിൽ പ്രവേശിക്കുന്ന പ്രവണതയും പതിവായി നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്, വേഗത്തിൽ സമ്പർക്കം കണ്ടെത്താനും ഫലപ്രദമായ ക്വറന്‍റീനിലും ശ്രദ്ധ കേന്ദ്രീകരിക്കണം"- ”ബംഗാളിനോട് കേന്ദ്രം നിർദേശിച്ചു
ഡൽഹിയിൽ കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ പുതിയ കേസുകളിൽ 46 ശതമാനം വർധനയുണ്ടായി. അതേ കാലയളവിൽ പോസിറ്റീവ് നിരക്ക് ഒൻപത് ശതമാനത്തോളം വർദ്ധിച്ചു. ഉത്സവ വേളകളിൽ സാമൂഹ്യ കൂടിച്ചേരലുകൾ, വായുവിന്റെ ഗുണനിലവാരം കുറയുക, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ജോലിസ്ഥലങ്ങളിൽ പോസിറ്റീവ് കേസുകളുടെ ക്ലസ്റ്ററുകൾ എന്നിവയാണ് ഡൽഹിയിൽ സ്ഥിതിഗതി ആശങ്കപ്പെടുത്തുന്നത്.
ആക്രമണാത്മകമായി പരിശോധന വേഗത്തിലാക്കാനും ആർടി-പിസിആർ ടെസ്റ്റുകൾ വർദ്ധിപ്പിക്കാനും കോൺടാക്റ്റ് ട്രെയ്‌സിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആദ്യത്തെ 72 മണിക്കൂറിനുള്ളിൽ കണ്ടെത്തിയ കോൺടാക്റ്റുകളുടെ ക്വറന്‍റീൻ ഫലപ്രദമായി നടപ്പാക്കാനും ദേശീയ തലസ്ഥാനത്തിന് കേന്ദ്രം നിർദ്ദേശം നൽകി. എംഎച്ച്‌എ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കണ്ടെയ്ൻമെൻറ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിയന്ത്രണം കർശനമായി നടപ്പാക്കാനും നിർദ്ദേശിച്ചു.