- News18 Malayalam
- Last Updated: April 24, 2021, 11:06 PM IST
കോട്ടയം: അന്തരിച്ച മുൻ മന്ത്രി കെ.എം മാണിയുടെ ചെറുമകളും, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടേയും നിഷ ജോസിന്‍റെയും മകളുമായ പ്രിയങ്ക വിവാഹിതയായി. മണിമല പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്റെയും മകന്‍ കുരുവിളയാണ് വരന്‍. കളമശ്ശേരി സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മകളുടെ വിവാഹത്തിന് മാറ്റിവച്ച തുകയില്‍ നിന്ന് 50000 രൂപ ജോസ് കെ മാണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
Also Read ടോവിനോ തോമസ് ചിത്രം 'വരവിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇന്നുമാത്രം ലഭിച്ചത് 1.15 കോടി രൂപ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ സ്വന്തമായി വാങ്ങാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഇന്നു മാത്രം എത്തിയത് 1.15 കോടി രൂപ. വൈകിട്ട് നാലു മണി വരെയാണ് ഈ കണക്ക്. കേരളം വാക്സിൻ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരിതാശ്വാസനിധിയിലേക്ക് വൻതോതിലുള്ള സംഭാവനകൾ പ്രവഹിച്ചു തുടങ്ങിയത്.
സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്‌സിന്‍ നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്താസമ്മേളനത്തിൽ ഉണ്ടായത്. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകൾ ചെറുതും വലുതുമായ സംഭാവനകൾ നൽകാൻ തുടങ്ങിയത്.
എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്റെ മാനുഷികമായ പ്രത്യേകത തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മുമ്പുണ്ടായിരുന്നത് പോലെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നവരുടെയും അനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ ബീഡി തൊഴിലാളിയായ ഒരാള്‍ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 200850 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഇക്കാര്യം മുഖ്യമന്ത്രി എടുത്ത് പറയുകയും ചെയ്തു. ഈ സംഭവം ജനങ്ങളിലുള്ള വൈകാരികത എത്രത്തോളമാണെന്ന് കാണിക്കുന്നതാണ്. ആ പണം അയച്ചയാള്‍ വെറുമൊരു ബീഡി തൊഴിലാളിയാണ്. പിന്നീട് ഒരു ആവശ്യത്തിന് ഈ സമ്പാദ്യം മുഴുവന്‍ നല്‍കിയാല്‍ എന്ത് ചെയ്യുമെന്നതിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നു. തനിക്കൊരു ജോലിയുണ്ടെന്നും, ഭിന്നശേഷിക്കാരുടെ പെന്‍ഷനുണ്ടെന്നും അദ്ദേഹം മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള പോലീസിന്റെ ഭാഗമായിട്ടുള്ള രാജേഷ് മണിമല എന്ന ഉദ്യോഗസ്ഥന്‍ ചിത്രങ്ങള്‍ വരച്ച് നല്‍കിയാണ് വാക്‌സിന്‍ ചലഞ്ചിന് സംഭാവന നൽകിയത്. കുട്ടികള്‍ സമ്പാദ്യകുടുക്ക പോലും കൈമാറുന്നുണ്ട്. 105-ാം വയസ്സില്‍ കോവിഡിനെ നേരിട്ട് വിജയിച്ച അസ്മാബീവി, സാഹിത്യകാരന്‍ ടി പത്മനാഭന്‍, കെ പി സി സി വൈസ്പ്രസിഡന്റ് ശരത് ചന്ദ്രപ്രസാദ് എന്നിങ്ങനെ അനവധി പേര്‍ ചലഞ്ചിന്റെ ഭാഗമായെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ-സാംസ്‌കാരിക മേഖലയില്‍ നിന്നെല്ലാം സഹായം വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരനെയും രമേശ് ചെന്നിത്തലയെയും പരിഹസിച്ച് പിണറായി രംഗത്തെത്തി. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് വി മുരളീധരനെ പരാമര്‍ശിച്ച് പിണറായി പറഞ്ഞു. നേരത്തെ വാക്‌സിന്‍ ചലഞ്ചിനെ മുരളീധരന്‍ പരിഹസിച്ചിരുന്നു. അവരവര്‍ കണ്ടതും അവരവര്‍ അനുഭവിച്ചതും ശീലിച്ചതുമായ കാര്യങ്ങള്‍, മറ്റുള്ളവരില്‍ അങ്ങനെ തന്നെയാണെന്ന് ധരിക്കരുത്. അങ്ങനെ കരുതുന്നത് കൊണ്ടാണ് ഈ ഫണ്ട് ഒക്കെ മറ്റ് വഴിക്ക് പോകുമെന്നുള്ള ആശങ്ക. ഇത്തരക്കാരോട് സാധാരണ മറുപടി പറയാത്തതാണ് നല്ലത്. ഈ സമയത്ത് ഒന്നിച്ച് നില്‍ക്കുന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.